അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് കണ്ണു തുറന്നു; മരുന്നുകളോട് പ്രതികരിക്കുന്നു, ആശ്വാസമായി കരച്ചിലും

കൊച്ചി; അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന തശുഭ സൂചന നല്‍കുന്ന മാറ്റങ്ങളാണ് കുട്ടിയില്‍ പ്രകടമാകുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് കണ്ണ് തുറന്നതായും കരയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ആശ്വാസ വാര്‍ത്തയായി പങ്കുവെച്ചു.

പിതാവിന്റെ ആക്രമണത്തില്‍ തലയില്‍ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ സമ്മര്‍ദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറില്‍ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയില്‍ കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അതീവ നിര്‍ണായകമാണെന്നും കുഞ്ഞിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി കണ്ണു തുറക്കാനും കരയാന്‍ ശ്രമിക്കാന്‍ തുടങ്ങി. കൈ കാലുകള്‍ അനക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ കണ്ണു തുറക്കുകയും കരച്ചില്‍ ശക്തമാക്കുകയും ചെയ്തു. അത് നല്‍കുന്നത് വലിയ ആശ്വാസമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഇതേ രീതിയില്‍ അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ പ്രതികരണം കുഞ്ഞില്‍ നിന്നുണ്ടായാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടര്‍ സാജന്‍ പറയുന്നു.

Exit mobile version