ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന ലിംഗവിവേചനപരവും നിന്ദ്യവും; വിമര്‍ശിച്ച് വൃന്ദ കാരാട്ട്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട്. ലിംഗവിവേചനപരവും അപകീര്‍ത്തികരവും നിന്ദ്യവുമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് വൃന്ദ കാരാട്ട് വിമര്‍ശിച്ചു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയില്‍ അഭിമാനിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവന്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരെ അഭിനന്ദിക്കാനൊരുങ്ങാതെ ഇത്തരത്തില്‍ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനില്‍ നിന്നുണ്ടായത് അപമാനകരമാണെന്ന് വൃന്ദ കാരാട്ട് തുറന്ന് പറഞ്ഞു.

Exit mobile version