കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശത്ത് കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, നൂറ് കണക്കിന് വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയില്‍, നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശത്ത് കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ഒരു വീട് തകര്‍ന്നു. എറിയാട് അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്താണ് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നത്. മണപ്പറമ്പില്‍ ഷംസുദ്ദീന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീടിന്റെ അടുക്കളയുള്‍പ്പടെയുള്ള ഭാഗം തകര്‍ന്നുവീണു. ഈ പ്രദേശത്ത് മാത്രമായി പത്തിലധികം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.

കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് വീടൊഴിഞ്ഞ് പോയിരിക്കുന്നത്. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. അതേസമയം കടല്‍ക്ഷോഭം രൂക്ഷമായാല്‍ തീരദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസര്‍ ഷക്കീര്‍ അറിയിച്ചു.

കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് മതിലകം പഞ്ചായത്തില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊക്ലായി ബീച്ച് വില്യാര്‍വട്ടത്ത് ഷണ്‍മുഖന്‍, നടുമുറി അജേഷ് എന്നിവരുടെ കുടുംബങ്ങളെയാണ് എമ്മാട് സ്‌ക്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. രണ്ട് കുടുംബങ്ങളിലായി ആറ് പേരാണ് ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നത്.

Exit mobile version