37 കുടുംബങ്ങള്‍ ഇന്ന് ‘ദൈവത്തിന്റെ വീട്ടി’ലേക്ക് ചേക്കേറും..! പുണ്യ കര്‍മ്മത്തിന് സാക്ഷിയാകുന്നത് ഉലകനായകന്‍

കൊച്ചി: കാറ്റൊന്ന് ആഞ്ഞടിച്ചാല്‍ കെട്ടിമറിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു ഈ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. കേരളത്തിന്റെ മോഡേണ്‍ സിറ്റിയിലും ഇത്തരം ദാരിദ്രം അനുഭവിക്കുന്ന കുടുംബങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനി കാറ്റിനേയും മഴയേയും പേടിക്കാതെ സുഖമായി ഇക്കൂട്ടര്‍ക്ക് ജീവിക്കാം. 37 കുടുംബങ്ങള്‍ക്ക് ഇന്നു സ്വപ്നസാക്ഷാല്‍കാരത്തിന്റെ ആഹ്‌ളാദദിനമാണ്.

അന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20യാണ് ഈ പാവങ്ങളെ മണ്‍ കൂരയില്‍ നിന്ന് ആധുനിക വില്ലകളിലേക്ക് പറക്കാന്‍ സഹായിച്ചത്. നടന്‍ കമല്‍ഹാസനാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറുക. ഗോഡ്‌സ് വില്ലകള്‍ (ദൈവത്തിന്റെ വീട്) എന്ന പേരിലാണ് പദ്ധതി നിര്‍മിച്ചത്.

ഞാറള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന 37 കുടുംബങ്ങള്‍ക്കാണു വില്ലകള്‍ കൈമാറുന്നത്. 750 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു കിടപ്പുമുറികളും അടുക്കള, ബാത്ത്‌റൂം, ടോയ് ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടുകളും. വെള്ളം, റോഡ്, വഴിവിളക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക നിലയം, കളിസ്ഥലം, അങ്കണവാടി, ജലസംഭരണി എന്നിവയുമുണ്ട്. 16 ലക്ഷംരൂപയാണ് ഒരു വില്ലയുടെ നിര്‍മാണച്ചെലവ്. വീടിനു പുറമേ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, മിക്‌സി, ഊണുമേശ, കിടക്കകള്‍, ടിവി, സോഫ എന്നിവ 50 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആറു കോടി രൂപയാണു 37 വീടുകളുടെ ആകെ നിര്‍മാണച്ചെലവ്. ഇതില്‍ 5.26 കോടിയും ട്വന്റി 20 യുടെ വിഹിതമാണ്. സര്‍ക്കാരിന്റെ ലക്ഷം വീട് നവീകരണ പദ്ധതിയുടെ ഭാഗമായി കിഴക്കന്പലം പഞ്ചായത്തിന് അനുവദിച്ച 74 ലക്ഷം രൂപയും നിര്‍മാണത്തിനു ചെലവഴിച്ചു.

എന്നാല്‍ ഇനിയും ദൈവത്തിന്റെ വീട്ടിലേക്ക് ചേക്കേറാന്‍ നിരവധി ആളുകളുണ്ട്ട്വന്റി 20 യുടെ നേതൃത്വത്തില്‍ നടക്കുന്ന വിലങ്ങ്, കാനാമ്പുറം, മാക്കിനിക്കര കോളനികളിലെ വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മൂന്നു കോളനികളിലായി ആകെ 74 വില്ലകള്‍ നിര്‍മിക്കുമെന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു.

Exit mobile version