വിശ്വാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാം; തൃശ്ശൂര്‍ അതിരൂപത

തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ നിര്‍ദ്ദേശം. മൃതദേഹം ദഹിപ്പിക്കാന്‍ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. ആദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് അസാധാരണ നടപടികള്‍ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം. മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്നതിനെയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു.
ഇതിന് ശേഷം അവശേഷിക്കുന്ന ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാമെന്നാണ് അതിരൂപത പറയുന്നത്.

ഇടവക പള്ളിസെമിത്തേരിക്ക് പുറത്ത് സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ നിശ്ചിത കാലയളവിന് ശേഷം പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യാമെന്നും അതിരൂപത സര്‍ക്കുലറില്‍ പറയുന്നു.

Exit mobile version