കൊവിഡ് നിരീക്ഷണത്തിലിരുന്ന കൊച്ചി സ്വദേശി ഒറ്റപ്പാലത്തെ താലൂക്ക് ആശുപ്രതിയില്‍ നിന്ന് മുങ്ങി

ഒറ്റപ്പാലം: കൊവിഡ് നിരീക്ഷണത്തിലിരുന്ന കൊച്ചി സ്വദേശി ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ നിന്ന് മുങ്ങി. കൊച്ചി കടവന്ത്ര സ്വദേശിയായ 46കാരനാണ് ആശുപത്രിയില്‍ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്ന് കളഞ്ഞത്.

മൂന്ന് ദിവസം മുന്‍പാണ് ചെന്നൈയില്‍ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇയാള്‍ കടന്ന് കളഞ്ഞത്.

കലശലായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പും പോലീസും പറയുന്നത്. ഇയാള്‍ രക്ഷപ്പെടുന്ന സമയത്ത് സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ആശുപത്രിക്ക് പിന്‍ഭാഗത്തുകൂടി ബൈക്കില്‍ രക്ഷപ്പെട്ടതായാണ് നിഗമനം. സ്വദേശമായ കൊച്ചിയില്‍ ഇയാള്‍ എത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Exit mobile version