തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അത് അയ്യപ്പന്റെ ശാപമാണ്! ബിജെപിയ്ക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കള്‍ കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണെന്ന് ശ്രീധരന്‍ പിള്ള

പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളില്‍ ഒന്നില്‍ നാലാം സ്ഥാനത്തേക്കും ഒന്നില്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം തകര്‍ന്നടിഞ്ഞത് അയ്യപ്പന്റെ ശാപമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. 39-ല്‍ 21 സീറ്റ് കിട്ടയപ്പോഴും അയ്യപ്പന്റെ പത്തനംതിട്ടയിലും തൊട്ടടുത്തുള്ള ആലപ്പുഴയിലും ഇടുക്കിയിലുമുള്ള ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞു.

പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളില്‍ ഒന്നില്‍ നാലാം സ്ഥാനത്തേക്കും ഒന്നില്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇടുക്കിയിലും സിറ്റിങ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

പത്തനംതിട്ടയിലെ രണ്ടിടങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കള്‍ വളരെ കുറഞ്ഞ ഇടങ്ങളായത് കൊണ്ടാണ്. ബിജെപി രണ്ടു സീറ്റില്‍ ജയിച്ചു എന്നത് മാത്രമല്ല എട്ട് സ്ഥലങ്ങളില്‍ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി. നമ്മുടെ ഗ്രാഫ് മേലോട്ടും മുന്നോട്ടുമാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഗ്രാഫ് താഴോട്ടാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Exit mobile version