പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം; കൊവിഡ് സാഹചര്യത്തിലും പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കത്തയച്ചു. തുടര്‍ച്ചയായി വിലവര്‍ധനവ് ഗതാഗത മേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും അതിനാല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കത്തിലെ ആവശ്യം.

ലോകത്താകമാനം ക്രൂഡോയിലിന് വിലകുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മുന്‍പില്ലാത്ത രീതിയില്‍ വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. ഓയില്‍ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അതോടൊപ്പം തന്നെ ഡീസലിനും പെട്രോളിനും മേലുള്ള എക്‌സൈസ് തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റം ഇരട്ടി ദുരിതം നല്‍കുന്നതാണ്. അതിനാല്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Exit mobile version