‘എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, രണ്ടാമതും വിവാഹം കഴിക്കാന്‍ റെഡിയാണ്; ആ പേരുദോഷം അങ്ങനെ മാറിക്കിട്ടിയാല്‍ മതിയായിരുന്നുവെന്ന് രഞ്ജിത് കുമാര്‍

എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, രണ്ടാമതും വിവാഹം കഴിക്കാന്‍ റെഡിയാണെന്ന് ബിഗ് ബോസ് താരം രഞ്ജിത് കുമാര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീവിരുദ്ധനെന്ന് പലപ്പോഴും വിളിക്കേട്ടിട്ടുണ്ടെന്നും കല്യാണം കഴിച്ചാല്‍ ആ പേരുദോഷം മാറിക്കിട്ടിയാല്‍ മതിയായിരുന്നുവെന്ന് രഞ്ജിത് പറയുന്നു.

അമ്മയ്ക്കുവേണ്ടി, ഭാരതാംബയ്ക്കുവേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീവിരുദ്ധനാവും. സ്ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഐശ്വര്യം വര്‍ധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്ന് രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

ഡോ. രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

ഞാന്‍ സ്ത്രീ വിരുദ്ധന്‍ എന്നൊക്കെ കേട്ടുകൊണ്ടാണ് ചിലരൊക്കെ അവിടേക്ക് വന്നത്. പലരും യുടൂബിലും ചാനലുകളിലുമൊക്കെ എന്നെക്കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നത് സ്ത്രീ വിരുദ്ധന്‍ എന്നായിരുന്നല്ലോ. ആ ഒരു മുന്‍വിധിയോടെ വന്ന് എന്നോടും അങ്ങനെ പെരുമാറിയതാവും. പക്ഷേ ഞാന്‍ ഒരു സ്ത്രീയോടും അനാവശ്യം പറഞ്ഞിട്ടില്ല. അമ്മയ്ക്കുവേണ്ടി, ഭാരതാംബയ്ക്കുവേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീവിരുദ്ധനാവും. സ്ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഐശ്വര്യം വര്‍ധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

എനിക്ക് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭയങ്കര ഇഷ്ടമാണ്. മുമ്പ് കല്യാണം കഴിക്കണം, കുടുംബമായിട്ട് ജീവിക്കണം എന്നൊന്നും അത്ര ആഗ്രഹമില്ലാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് ഞാന്‍ 2001ല്‍ കല്യാണം കഴിച്ചത്. പക്ഷേ പിന്നീട് ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ച പോരാതായി. രണ്ട് ബന്ധങ്ങള്‍ ഉറച്ചതാവാന്‍ ഒരുപാട് ഘടകങ്ങള്‍ വേണം. രണ്ട് ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തുവെക്കണമെങ്കില്‍ അതിനിടയില്‍ നല്ല സ്ട്രോങ് സിമന്റ് വേണമെന്ന് പറയുന്നതുപോലെ. പക്ഷേ ഞങ്ങള്‍ക്കിടയില്‍ അതില്ലാതായി.

എന്റെ ഭാര്യ രണ്ടു വട്ടം ഗര്‍ഭിണിയായിട്ടും അബോര്‍ഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് തോന്നി. പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അതുകഴിഞ്ഞ് ആ പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു. അവള്‍ക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചു. പക്ഷേ അതിനും ഞാന്‍ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്.

Exit mobile version