വിധവയായതിന് ശേഷം സമൂഹത്തില്‍ വേര്‍തിരിവ്; ഒറ്റപ്പെടല്‍ മാറാന്‍ അമ്മയ്ക്ക് ഒരു കൂട്ട് കണ്ടെത്തി, പുനര്‍വിവാഹം നടത്തി മകന്‍

പിതാവിന്റെ മരണശേഷം, അമ്മയെ സമൂഹം മാറ്റിനിര്‍ത്തുന്നത് യുവരാജ് ശ്രദ്ധിച്ചു. പല ചടങ്ങുകളില്‍ നിന്നും വിധവയായതിനാല്‍ അമ്മയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു.

marriage

അച്ഛന്റെ മരണശേഷം വിധവയായതിന്റെ പേരില്‍ അമ്മ സമൂഹത്തില്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കാന്‍ അമ്മയെ പുനര്‍വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഒരു മകന്‍. മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലാണ് അമ്മയുടെ ഒറ്റപ്പെടല്‍ മാറാനായി വിവാഹം നടത്താന്‍ മകന്‍ മുന്നിട്ടിറങ്ങിയത്.

യുവരാജ് ഷീലെ എന്ന 23കാരനാണ് 45കാരിയായ തന്റെ അമ്മ ര്തനയുടെ പുനര്‍വിവാഹം നടത്തിയത്. വിധവയായതിന്റെ പേരില്‍ അമ്മ സമൂഹത്തില്‍ നേരിട്ടിരുന്ന വിവേചനം നേരില്‍ കണ്ട് മനസ് വേദനിച്ചാണ് യുവരാജ് ഷീലെ അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.

പിതാവിന്റെ മരണശേഷം, അമ്മയെ സമൂഹം മാറ്റിനിര്‍ത്തുന്നത് യുവരാജ് ശ്രദ്ധിച്ചു. പല ചടങ്ങുകളില്‍ നിന്നും വിധവയായതിനാല്‍ അമ്മയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് അമ്മയ്ക്ക് കൂട്ടിനുവേണ്ടി ഒരാളെ കണ്ടെത്തണമെന്ന ചിന്ത തുടങ്ങിയത്. വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്ന കോല്‍ഹാപ്പൂരില്‍, അമ്മയെ കൊണ്ട് പുനര്‍വിവാഹം കഴിപ്പിക്കുക എന്നത് ഒട്ടം എളുപ്പമായിരുന്നില്ല. ചില കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ യുവരാജ് അമ്മയ്ക്ക് ഒരു കൂട്ടിനായി അന്വേഷണം ആരംഭിച്ചു.

‘എനിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ വേര്‍പാട് എനിക്ക് വലിയ ഷോക്കായിരുന്നു. പക്ഷേ, അമ്മയാണ് ഏറ്റവും കൂടുതല്‍ വേദന സഹിക്കേണ്ടിവന്നത്. സമൂഹത്തില്‍ നിന്നുണ്ടാകുന്ന വിവേചനവും വലിതോതിലുള്ള ഒറ്റപ്പെടലും അമ്മയ്ക്ക് സഹിക്കേണ്ടിവന്നു. ഇതിന് പരിഹാരമായാണ് പുനര്‍വിവാഹം എന്ന ചിന്തയിലേക്ക് എത്തിയത്’

‘ഭാഗ്യംകൊണ്ട് മാരുതി ഗണ്‍വത് എന്നയാളെ വരനായി കണ്ടെത്താന്‍ സാധിച്ചു. ആദ്യം അമ്മയ്ക്ക് വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിരന്തരം നിര്‍ബന്ധിച്ചപ്പോള്‍ അമ്മ സമ്മതിക്കുകയായിരുന്നു’

എന്ന് യുവരാജ് പറഞ്ഞു.

കുറച്ചു വര്‍ഷമായി ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. രത്നയെ കണ്ടു സംസാരിച്ചതിന് ശേഷം ഒരു കുടുംബമായി താമസിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിനെ മറക്കുക എന്നത് രത്നയെ സംബന്ധിച്ച് പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് മാരുതി ഗണ്‍വത് പറഞ്ഞു.

പുനര്‍വിവാഹത്തോട് ആദ്യം ഞാന്‍ എതിര്‍ത്തിരുന്നു. ഭര്‍ത്താവിനെ മറക്കാന്‍ ഞാന്‍ തയ്യാറാല്ലായിരുന്നു. എന്നാല്‍, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിനെ കുറിച്ച് ആലോചിച്ചതിന് ശേഷം, പുനര്‍വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് യുവരാജിന്റെ അമ്മ രത്ന പറഞ്ഞു.

അതേസമയം, വിധവമാര്‍ക്ക് സാമൂഹിക ഐത്തം പ്രഖ്യാപിക്കുന്ന പ്രവണത ഒഴിവാക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിധവകളെ ചടങ്ങുകളിലും മറ്റും പങ്കെടുപ്പിക്കാതിരിക്കുന്നത് നിര്‍ത്തലാക്കാന്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version