സിനിമാ ലൊക്കേഷനിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് അന്തരിച്ചു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് താരങ്ങള്‍

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയാണ്.

മലയാള സിനിമയില്‍ തന്നെ സെറ്റ് സെക്യൂരിറ്റി സൂപ്പര്‍വൈസിംഗ് ആദ്യമായി ആരംഭിച്ചത് ദാസിന്റെ നേതൃത്വത്തിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങി നിരവധി താരങ്ങളുടെ സുരക്ഷാചുമതല ദാസ് വഹിച്ചിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സുരക്ഷാ ചുമതല കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഏറെയായി ദാസിനും സംഘത്തിനുമായിരുന്നു.

പ്രൊഡക്ഷന്‍ ജോലികളിലൂടെയാണ് മാറനല്ലൂര്‍ ദാസ് സിനിമയിലേക്കു വരുന്നത്. പിന്നീടാണ് താരങ്ങളുടെ ബോഡിഗാര്‍ഡ് എന്ന നിലയിലേക്കു വരുന്നത്. വനിതകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പ്രവര്‍ത്തിച്ചിരുന്നു ദാസിന്റെ സുരക്ഷാ സംഘത്തില്‍. താരങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചതോടെ സിനിമാ ലൊക്കേഷനുകള്‍ കൂടാതെ അവാര്‍ഡ് നിശകളുടെയും താരങ്ങളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെയും സുരക്ഷാ ചുമതലയും ദാസിനെ തേടി എത്തിയിരുന്നു. കേരളത്തില്‍ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു.

ചെറിയ വേഷങ്ങളില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ള ദാസ് ഷൂട്ടിങ്ങ് കാണാനെത്തുന്ന ചലച്ചിത്ര പ്രേക്ഷകരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ ഷൈജ, മകള്‍ നൈന ദാസ്, മകന്‍ നയന്‍ ദാസ്. നാളെയാണ് സംസ്‌കാരം.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ബിജു മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.




Exit mobile version