ഗുരുവായൂരില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; ദിവസം 600 പേര്‍ക്ക് ദര്‍ശനം, 60 വിവാഹത്തിനും അനുമതി, വിഐപി ദര്‍ശനം അനുവദിക്കില്ല

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ദിവസം 600 പേര്‍ക്കാണ് ദര്‍ശനം സാധ്യമാക്കിയിരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും ദേവസ്വം മന്ത്രി അറിയിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ രാവില ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളു. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version