“തിരുവമ്പാടി ശിവസുന്ദരനും ഗുരുവായൂര്‍ കേശവനും മരിച്ചതിന്റെ കാരണം അറിയാമോ”; വൈറലായി കുറിപ്പ്

തൃശ്ശൂര്‍: പൈനാപ്പിളിനുള്ളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഗര്‍ഭിണിയായ ആനയെ കൊന്നവരെ നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ നിരവധി ആളുകളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കുറ്റക്കാരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികവും ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യര്‍ മൃഗങ്ങളോട് നടത്തുന്ന ക്രൂരതയ്ക്ക് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനിടയില്‍ പറ്റൊരു പ്രശ്‌നം കൂടി പങ്കുവെയ്ക്കുകയാണ് എഴുത്തുകാരനും ശാസ്ത്രജ്ഞനുമായി സുരേഷ് സി പിള്ള.

കൃഷി നശിപ്പിക്കാന്‍ ആയി വരുന്ന പന്നിയെ പിടിക്കാന്‍ വച്ച കൈതച്ചക്ക ഒരു പക്ഷെ അബദ്ധത്തില്‍ തിന്നു മരണത്തിന് കീഴടങ്ങിയ ആനയെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറക്കുന്ന ഒന്നാണ് നാട്ടാനകളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരത. കാട്ടില്‍ നടക്കേണ്ട ആനയെ നാട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ട്, ആവശ്യത്തിന് വെള്ളം കൊടുക്കാതെ, വ്യായാമത്തിന് അവസരം കൊടുക്കാതെ, ദഹന പ്രക്രിയക്ക് ചേരാത്ത ഭക്ഷണം കൊടുത്ത്, കൊല്ലുന്ന മനുഷ്യര്‍ക്ക് എതിരെയും പ്രതിഷേധം ഉയരേണ്ടതല്ലേ എന്നും സുരേഷ് സി പിള്ള ചോദിക്കു. ഫേസ്ബുക്കിലൂടെയാണ് ഈ ചോദ്യം അദ്ദേഹം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

തിരുവമ്പാടി ശിവസുന്ദര്‍ എന്ന് വിളിച്ചിരുന്ന ആനയെക്കുറിച്ചു കേട്ടിട്ടുണ്ടോ?

പൂക്കോടന്‍ ശിവന്‍ എന്നും ഈ ആന അറിയപ്പെട്ടിരുന്നു. ശിവസുന്ദര്‍ എന്ന പേര് കിട്ടുന്നതിനും മുന്‍പേ ഫ്രാന്‍സിസ് പൂക്കോടന്‍ എന്ന ആളുടെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ ആന (റഫറസിന് ഇ പത്രം Sunday, April 21st, 2013
അഴകിന്റെ തമ്പുരാന്‍: തിരുവമ്പാടി ശിവസുന്ദറിന്റെ ജീവചരിത്രം).

തിരുവമ്പാടിക്കാരുടെ തിലകക്കുറിയെന്നും ആനയഴകിന്റെ അവതാരരൂപമെന്നും ഒക്കെ ആനപ്രേമികള്‍ വാഴ്ത്തിപ്പാടിയ ഈ ആനയുടെ മരണ കാരണം അറിയാമോ?

ഈ ആന 2018 മാര്‍ച്ച് 11 നാണ് മരിക്കുന്നത്, കാരണം ‘ഇരണ്ടക്കെട്ട്/ എരണ്ടക്കെട്ട് ‘. ആനയ്ക് ഉണ്ടാകുന്ന മലബന്ധത്തിനാണ് ഇരണ്ടക്കെട്ട് എന്ന് പറയുന്നത്. കുടലില്‍ ദഹിക്കാത്ത ഭക്ഷണം അടിഞ്ഞു കൂടുന്നത് കൊണ്ടുണ്ടാകുന്ന അസുഖമാണ് ഇരണ്ടക്കെട്ട്.

കേരളത്തിലെ സഹ്യ വനങ്ങളില്‍ നിന്നും പിടിച്ച ആനയാണ് ശിവസുന്ദര്‍ ആന. കാട്ടിലെ അതിന്റെ ജൈവ വ്യവസ്ഥയ്ക്ക് അനുസൃതമായ തീറ്റകള്‍ തിന്ന് ഒരുപക്ഷെ ഇന്നും സഹ്യ വനങ്ങളില്‍ തിന്നും, കുടിച്ചും, ഇണ ചേര്‍ന്നും ജീവിക്കേണ്ടതാണ് ഈ വന്യ ജീവി. ആനയ്ക്ക് അതിതിന്റെ ദഹന വ്യവസ്ഥയ്ക്ക് അനുകൂലമല്ലാത്ത പന-പട്ടയും, ഓലയും, തെങ്ങും, ചിലപ്പോള്‍ പന തന്നെ വെട്ടിയിട്ട് കൊടുക്കാറുണ്ട് ആനയ്ക്ക് തിന്നാനായി. ആവശ്യത്തിനുള്ള വ്യയാമം ഇല്ലാത്തതും, അതിന്റെ ദഹന വ്യവസ്ഥയ്ക്ക് ചേരാത്ത ഭക്ഷണം കൊടുക്കുന്നതും ആനകളുടെ കൊലയാളി ആകുന്നുണ്ട്.

ഗുരുവായൂര്‍ കേശവന്‍ എന്ന് വിളിച്ചിരുന്ന ആനയുടെയും മരണകാരണവും എരണ്ടക്കെട്ട് ആണ് എന്നും വായിച്ചു.

Mar 13, 2018 ലെ മാതൃഭൂമി ന്യൂസ് പ്രകാരം 2016 മുതല്‍ 2018 വരെ 56 ആനകള്‍ മരിച്ചതില്‍ 34 എണ്ണത്തിനും ഇരണ്ടക്കെട്ടായിരുന്നു. പുതിയ കണക്കുകള്‍ ലഭ്യമല്ല, എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലും ധാരാളം ആനകള്‍ ഇരണ്ടക്കെട്ടു വന്ന് മരിച്ചിട്ടുണ്ടാവും. കൊന്നിട്ടുണ്ടാവും എന്ന് പറയുന്നതാണ് ശരി.

ആനയുടെ സ്വാഭാവികമായ ഭക്ഷണം കൊടുക്കാത്തതും, വ്യായാമം കിട്ടാത്തതും, വെയിലത്ത് മണിക്കൂറുകളൊളോളം ചിലവഴിക്കേണ്ടി വരുന്നതും ഒക്കെ അതിന്റെ സ്വാഭാവിക ദഹനപ്രക്രിയയെ താറുമാറാക്കുന്നു.

പ്രതിഷേധങ്ങള്‍ ഉയരേണ്ടത് ഇവിടെയാണ്. ഒരു ജീവിയുടെ ജീവനും നഷ്ട്ടപ്പെടാന്‍ പാടില്ല, അവര്‍ നമ്മുടെ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാണ്.

കാട്ടില്‍ നടക്കേണ്ട ആനയെ നാട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ട്, ആവശ്യത്തിന് വെള്ളം കൊടുക്കാതെ, വ്യായാമത്തിന് അവസരം കൊടുക്കാതെ, ദഹന പ്രക്രിയക്ക് ചേരാത്ത ഭക്ഷണം കൊടുത്ത്, കൊല്ലുന്ന മനുഷ്യര്‍ക്ക് എതിരെയല്ലേ പ്രതിഷേധം ഉയരേണ്ടത്?

കൃഷി നശിപ്പിക്കാന്‍ ആയി വരുന്ന പന്നിയെ പിടിക്കാന്‍ വച്ച കൈതച്ചക്ക ഒരു പക്ഷെ അബദ്ധത്തില്‍ തിന്നു മരണത്തിന് കീഴടങ്ങിയ ആനയെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറക്കുന്നതാണ് ഇരണ്ടക്കെട്ട് വന്ന് മരിക്കുന്ന (കൊല്ലുന്ന) ആനകളെ.

Exit mobile version