ഓണ്‍ലൈന്‍ ക്ലാസ്സ്: അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതായി ഷാഹിദ കമാല്‍ പറഞ്ഞു. ഇത് സാക്ഷരതയിലും സാംസ്‌ക്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും വനിതാ കമ്മീഷന്‍ അംഗം അഭിപ്രായപ്പെട്ടു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാല്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

സംഭവത്തില്‍ യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്. അധ്യാപികമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവിയോടും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ടായി ലഭ്യമാക്കണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൂടാതെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസും കേസ് എടുത്തിട്ടുണ്ട്. കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്നാണ് പരാതി.

Exit mobile version