ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനം ഒരുക്കും; കൈറ്റ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ്. ഹൈടെക്ക് പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്‌ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയതായും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത 2.6 ലക്ഷം കുട്ടികളുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഈ ആഴ്ച ട്രയല്‍ റണ്‍ ആയതിനാല്‍ റഗുലര്‍ ക്ലാസ്സ് തുടങ്ങുന്ന രണ്ടാമത്തെ ആഴ്ച മുതല്‍ ഇവര്‍ക്ക് ക്ലാസിനുള്ള സംവിധാനം ഒരുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് കാണാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ വളാഞ്ചേരിയില്‍ പെണ്‍കുട്ടി ആത്മഹത്യചെയ്തതോടെ അടിയന്തിരമായി ബദല്‍ സംവിധാനം ഒരുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വെള്ളിയാഴ്ചയ്ക്ക് മുമ്പായി ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ ഒരു ലക്ഷത്തി ഇരുപതിനായിരം ലാപ്ടോപ്പുകള്‍ 7000 പ്രോജക്ടറുകള്‍ 4445 ടിവി തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലത്ത് കൊണ്ട് പോയി ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
ഓരോ സ്‌കൂളിലേയും പ്രാദേശിക സാഹചര്യം വിലയിരുത്തി ഇതുപയോഗിക്കാനാണ് നിര്‍ദ്ദേശം. ഓരോ ക്ലാസിലേയും ക്ലാസ് ടീച്ചര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലെന്ന് കണ്ടെത്തിയ കുട്ടികളെ അധ്യാപകര്‍ കണ്ടു സംസാരിക്കുകയും ബദല്‍ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്ന് വിലയിരുത്തുകയും വേണം. ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ നഷ്ടപ്പെടില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ബദല്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ കുട്ടികളെ കാണിക്കണം. ആവശ്യമെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടിവിയോ സ്മാര്‍ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് വേണ്ടി അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇവ കെഎസ്എഫ്ഇ സ്പോണ്‍സര്‍ ചെയ്യും. പഠനകേന്ദ്രത്തില്‍ ടെലിവിഷന്‍ വാങ്ങാനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്സിഡിയായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തേ ശമ്പളം സംഭാവന നല്‍കിയതില്‍ നിന്നാണ് ഈ തുക കണ്ടെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെലിവിഷന്‍ വാങ്ങാനുള്ള 25 ശതമാനം ചിലവും പഠന കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റ് ചിലവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്പോണ്‍സര്‍മാരെയോ കണ്ടെത്തണം. കുടുംബശ്രീയുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബങ്ങള്‍ക്ക് ലാപ്ടോപ് വാങ്ങാന്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version