വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

വയനാട്; വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി. പഠനത്തിന് വേണ്ട സൗകര്യം ഒരുക്കാന്‍ സഹായിക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്കും വയനാട് കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്ത് നല്‍കി.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലെന്ന് വാര്‍ത്തകളും നിറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സഹായ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തോളം കുട്ടികളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവര്‍ക്ക് മറ്റ് ഏജന്‍സികള്‍വഴി പഠനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Exit mobile version