ഞാനും ഒരു അധ്യാപകനായിരുന്നു, ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോള്‍ ശരിക്കും തകര്‍ന്നു പോയിരുന്നു, അതുകൊണ്ട് നിസ്സംശയം പറയാം ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു; മിഥുന്‍ മാനുവല്‍ തോമസ്

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ക്ലാസുകള്‍ക്ക് മികച്ച അഭിപ്രായമാണ് നേടുന്നത്. അതിനിടെ അധ്യാപകരെ പരിഹസിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. ട്രോളന്മാരും പണി തുടങ്ങി.

സായി ശ്വേത എന്ന അധ്യാപികയാണ് കഴിഞ്ഞ ദിവസം ട്രോളന്മാരുടെ വലയില്‍ അകപ്പെട്ടത്. എന്നാല്‍ ടീച്ചറെ ട്രോളിയ ട്രോളന്മാര്‍ക്കാണ് ഇത്തവണ ശരിക്കും പണി കിട്ടിയത്. ട്രോളുകള്‍ക്കെല്ലാം രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ടീച്ചര്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയിലടക്കം ലഭിച്ചത്.

തങ്കു പൂച്ചയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് കേരളക്കരയുടെ മനംകവര്‍ന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ടീച്ചറെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

താനും ഒരു അധ്യാപകനായിരുന്നെന്ന് പറഞ്ഞ മിഥുന്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി എത്തിയപ്പോഴുണ്ടായിരുന്നു അനുഭവവും പറഞ്ഞു. ശരിക്കും താന്‍ തകര്‍ന്നുപോയ നിമിഷമായിരുന്നു അതെന്നും ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകുമെന്നും മിഥുന്‍ പറയുന്നു.

അതുകൊണ്ട് തന്നെ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നുവെന്ന് നിസ്സംശയം പറയാമെന്ന് മിഥുന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മിഥുന്‍ സായി ശ്വേത ടീച്ചറെ അഭിനന്ദിച്ചത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അദ്ധ്യാപകന്‍ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന്‍ ക്ലാസ്സുകളില്‍ അടക്കം.. ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും .. കാരണം, Its a whole different ball game.. – അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം..

Exit mobile version