അവസാനമായി ദേവിക നോട്ടുബുക്കില്‍ കുറിച്ചു ‘ഞാന്‍ പോകുന്നു’, വിയോഗം താങ്ങാനാവാതെ കുടുംബം

മലപ്പുറം: ‘ഞാന്‍ പോകുന്നു’ അവസാനമായി ദേവിക നോട്ടുബുക്കില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. വളാഞ്ചേരി ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ്സുകാരി ദേവികയുടെ വിയോഗം കൂടുംബത്തെ കൂടിയാണ് തകര്‍ത്ത് കളഞ്ഞത്. മകള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത കൂടിയാണ് ഇവരെ അലട്ടുന്നത്. എങ്കില്‍ തങ്ങളുടെ മകള്‍ തങ്ങള്‍ക്കൊപ്പം ഇപ്പോഴും ഉണ്ടാകുമായിരുന്നല്ലോ എന്ന് മനസില്‍ പല ആവര്‍ത്തിയാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേവിക മനഃപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും പറയുന്നു. ക്ലാസ് ഓണ്‍ലൈനായി തുടങ്ങുന്നുവെന്ന കാര്യം ദേവിക അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ കേടായ ടിവി നന്നാക്കാന്‍ സാധിച്ചില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും ദേവികയെ അലട്ടി. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്ന് പറഞ്ഞുവെങ്കിലും ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയതില്‍ ദേവിക മനഃപ്രയാസം അനുഭവപ്പെടുന്നുണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.

ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിലാണ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയത്. നോട്ടുബുക്കില്‍ ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിച്ചത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അധ്യാപകന്‍ പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തു വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞു കിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എംകെ ഷാജി പറഞ്ഞു.

ദേവികയെ കുറിച്ച് അധ്യാപകന്‍ പറയുന്നത്;

വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ദേവിക, ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്കായി സ്‌കൂള്‍ കേന്ദ്രീകരിച്ച് പഠനം തുടങ്ങാനിരിക്കെയായിരുന്നു അധ്യാപകര്‍. എന്നാല്‍ അതിനിടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. സൗകര്യങ്ങളില്ലാത്തിനാല്‍ പഠനം മുടങ്ങുമോ എന്ന് ഭയന്നുള്ള ആത്മഹത്യയാണ് ദേവികയുടേത് .

Exit mobile version