ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ മരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട് 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്കും കര്‍ണാടക, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും വന്ന ഒരോരുത്തര്‍ക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. രണ്ട് തടവുകാര്‍ക്കും , ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്യൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായി. . വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം ആളുകള്‍ക്കുമാണ് രോഗം ഭേദമായത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1150 ആയി. ഇതില്‍ 577 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 124163 ആയി.
ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10635 നെഗറ്റീവാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version