ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന; എക്‌സൈസ് മന്ത്രി യോഗം വിളിച്ചു

കൊച്ചി: സംസ്ഥാനത്ത് വെര്‍ച്യുല്‍ ക്യൂ വഴി മദ്യവില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന. രണ്ടുമണിക്ക് എക്‌സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യവില്‍പ്പന ശാലകളില്‍ തിരക്ക് കുറഞ്ഞുവെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

അതെസമയം തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കി.ഇതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയിലായി.ടോക്കണില്ലാതെ മദ്യം നല്‍കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നം മൂലം ടോക്കണ്‍ പരിശോധിക്കാനുള്ള സംവിധാനമില്ല.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആപ്പ് പ്രവര്‍ത്തന രഹിതമായതോടെയാണ് തിരുവനന്തപുരത്തെ ചില ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യ വിതരണം നടത്തി. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ പി.ആര്‍ സുനില്‍ കുമാറിന്റെ പാപ്പനംകോട്ടെ ബാറിലടക്കമാണ് ടോക്കണ്‍ ഇല്ലാതെ മദ്യം വിതരണം ചെയ്തത്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി ഈ ബാറുകളിലെത്തിയത്.

ടോക്കണില്ലാതെ മദ്യം കൊടുക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ പാപ്പനംകോട്ടെ ബാറിലടക്കം പോലീസെത്തി ആളുകളെ തടഞ്ഞു. ടോക്കണ്‍ ഇല്ലാതെ വരിയില്‍ നിന്നവരെയെല്ലാം പോലീസ് ഇടപെട്ട് മടക്കി അയച്ചു. കൂടാതെ ബെവ്‌കോ ആപ്പിനെതിരെ പരാതികള്‍ ഉയരുകയാണ്. ബെവ്‌റജിസ് ഔട്ട് ലെറ്റുകള്‍ ടോക്കണ്‍ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. ബുക്ക് ചെയ്യുന്ന ഭൂരിപക്ഷംപേര്‍ക്കും ടോക്കണ്‍ ലഭിച്ചത് ബാറുകളിലേക്കാണ്.

തിരുവനന്തപുരം പട്ടംത്തെയും വിഴിഞ്ഞം മുക്കോലയിലെയും ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളിലേക്ക് ഒരു ടോക്കണ്‍ പോലും ലഭിച്ചില്ല. അതേസമയം ബാറുകളിലാകട്ടെ മദ്യത്തിന്റെ പരിമിത സ്റ്റോക്ക് മാത്രമാണുള്ളത്. ചിലയിടങ്ങളില്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ ആളുകളെ മടക്കി അയയ്ക്കുന്നു. നക്ഷത്രഹോട്ടലുകളില്‍ വിലകൂടിയ മദ്യം മാത്രമാണുള്ളത് എന്നതിനാല്‍ പലര്‍ക്കും വാങ്ങാനാകുന്നുമില്ല.

Exit mobile version