ബാറിലെ മദ്യം വീട്ടില്‍ കൊണ്ടുപോയി വിറ്റു; വിറ്റഴിച്ചത് അഞ്ചര ലക്ഷം രൂപയുടെ മദ്യം, ബാറുടമ മലപ്പുറത്ത് അറസ്റ്റില്‍, 400 രൂപയുടെ മദ്യം 3000 രൂപയ്ക്കും വിറ്റു

മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ബാറുകളെല്ലാം പൂട്ടി ഇട്ടതോടെ വലഞ്ഞത് കുടിയന്മാര്‍ മാത്രമല്ല, ഒരു കൂട്ടം ബാറുടമകളും ആണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ബാറില്‍ നിന്ന് മദ്യം വീട്ടിലെത്തിച്ച് മദ്യം വിറ്റഴിച്ചിരിക്കുകയാണ് മലപ്പുറം വണ്ടൂരിലെ ബാറുടമ. ഏകദേശം അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ വിറ്റുപോയത്. സംഭവത്തില്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

വണ്ടൂര്‍ സിറ്റി പാലസ് ബാര്‍ ഉടമ നരേന്ദ്രനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റതായി കണ്ടെത്തിയത്. ലോക്ഡൗണ്‍ കാലത്ത് ബാറ് എക്‌സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു.

പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ മദ്യം വിറ്റിരുന്നു. നാനൂറ് രൂപയുടെ മദ്യം മൂവ്വായിരം രൂപക്ക് വരെ വിറ്റിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനയ്ക്ക് സഹായം ചെയ്ത മൂന്ന് ബാറ് ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version