ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപി അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ, പോലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ന് വൈകുന്നേരമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്.

അതിനാലാണ് എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ളവരെ ക്ഷണിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ബിജെപിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കല്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Exit mobile version