കൊവിഡ് മുന്‍കരുതല്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കണം; ആവശ്യവുമായി മുസ്ലിം ലീഗ്, പ്രാര്‍ത്ഥന വിശ്വാസികളുടെ വലിയ ആയുധവും ആത്മവിശ്വാസവുമാണെന്ന് കെപിഎ മജീദ്

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ അടച്ച് പൂട്ടിയ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആവശ്യം ഉയര്‍ത്തിയത്.

കൊവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയും ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കെപിഎ മജീദ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും ഒരു മാസം നീണ്ട വിശുദ്ധ റമസാനിലും പെരുന്നാള്‍ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കി വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാവുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പോലും പുറത്തിറങ്ങാനാവുന്ന രീതിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ തന്നെ പറയുന്നു. വിവാഹങ്ങളില്‍ അന്‍പതു പേരെയും മരണാനന്തര ചടങ്ങില്‍ ഇരുപത് പേരെയും പങ്കെടുപ്പിക്കുന്നതിനും തടസ്സമില്ല. ഷോപ്പുകളും ബസ്സ് സര്‍വ്വീസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്രകാലവും എല്ലാ നിര്‍ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ച് അവ തുറക്കാന്‍ അനുവദിക്കുന്നതാണ് കരണീയം. ലോക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്കും ഇളവ് നല്‍കി വിശ്വാസി സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്കുള്ള ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മജീദ് കുറിച്ചു.

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളെ പോലെ സാമൂഹ്യ അകലം ഉറപ്പാക്കി ആരാധനാലയങ്ങളിലും പ്രാര്‍ത്ഥന നടത്തുന്നതിന് ഒരു തടസ്സവുമില്ല. പ്രാര്‍ത്ഥന വിശ്വാസികളുടെ വലിയ ആയുധവും ആത്മവിശ്വാസവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ആശങ്കകള്‍ നീങ്ങാന്‍ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ നിര്‍ഭരമാവേണ്ടതുണ്ടെന്ന വിശ്വാസി സമൂത്തിന്റെ ആഗ്രഹത്തിന് സര്‍ക്കാര്‍ എതിരു നില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോവിഡ് മുന്‍കരുതല്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കണം.

കോവിഡ് മുന്‍ കരുതല്‍ ഉറപ്പാക്കിയും ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണ०. ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും ഒരു മാസം നീണ്ട വിശുദ്ധ റമസാനിലും പെരുന്നാള്‍ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കി വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാവുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പോലും പുറത്തിറങ്ങാനാവുന്ന രീതിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി സര്‍ക്കാര്‍ തന്നെ പറയുന്നു. വിവാഹങ്ങളില്‍ അന്‍പതു പേരെയും മരണാനന്തര ചടങ്ങില്‍ ഇരുപത് പേരെയും പങ്കെടുപ്പിക്കുന്നതിനും തടസ്സമില്ല. ഷോപ്പുകളും ബസ്സ് സര്‍വ്വീസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്രകാലവും എല്ലാ നിര്‍ദേശങ്ങളും പാലിച്ച ബോധമുള്ള ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ച് അവ തുറക്കാന്‍ അനുവദിക്കുന്നതാണ് കരണീയം.

ലോക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ക്കും ഇളവ് നല്‍കി വിശ്വാസി സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്കുള്ള ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളെ പോലെ സാമൂഹ്യ അകലം ഉറപ്പാക്കി ആരാധനാലയങ്ങളിലും പ്രാര്‍ത്ഥന നടത്തുന്നതിന് ഒരു തടസ്സവുമില്ല. പ്രാര്‍ത്ഥന വിശ്വാസികളുടെ വലിയ ആയുധവും ആത്മവിശ്വാസവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ആശങ്കകള്‍ നീങ്ങാന്‍ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ നിര്‍ഭരമാവേണ്ടതുണ്ടെന്ന വിശ്വാസി സമൂത്തിന്റെ ആഗ്രഹത്തിന് സര്‍ക്കാര്‍ എതിരു നില്‍ക്കരുത്.

കെ.പി.എ മജീദ്
ജനറല്‍ സെക്രട്ടറി
IUML Kerala

Exit mobile version