മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാലടി മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി.

സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി.

Exit mobile version