കാലവര്‍ഷം എത്തുന്നതിന് മുമ്പേ കേരളത്തില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain | big news live

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തുന്നതിന് മുമ്പേ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 18 വരെയുളള നാലാഴ്ചയും അധികമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. ഈയാഴ്ച അവസാനം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മെയ് 29 മുതല്‍ ജൂണ്‍ 4 വരെ 146.8 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ 12 മുതല്‍ 18 വരെ സാധാരണ മഴയേക്കാള്‍ 50% അധിക മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. മെയ് അവസാനത്തോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 28 വരെ 44.1 മില്ലീ മീറ്റര്‍ മഴയുണ്ടാകും. സാധാരണ മഴയേക്കാള്‍ 11 ശതമാനം അധിക മഴയാണ് ഇത്. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെ മഴയുടെ ദീര്‍ഘകാല ശരാശരി 60.6 മില്ലിമീറ്ററാണ്. എന്നാല്‍ 146.8 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ജൂണ്‍ അഞ്ചോടുകൂടി കാലവര്‍ഷം കേരളത്തില്‍ ശക്തിപ്രാപിക്കും. ജൂണ്‍ 5 മുതല്‍ ജൂണ്‍ 11 വരെ 69.2 മില്ലിമീറ്റര്‍ മഴയുണ്ടാകും. എന്നാല്‍ ജൂണ്‍ 12 മുതല്‍ ജൂണ്‍ 18 ശരാശരി 51.6 മില്ലിമീറ്ററാണ് ലഭിക്കേണ്ടത്. ഈക്കാലയളവില്‍ 77.2 മില്ലിമീറ്റര്‍ മഴയായിരിക്കും കേരളത്തില്‍ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സാധാരണ മഴയേക്കാള്‍ 50% അധിക മഴയാണിത്. അതേസമയം ഏതൊക്കെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടാകുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധിക മഴ മുന്നില്‍കണ്ട് ഒരുക്കങ്ങള്‍ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version