യൂട്യൂബ് നോക്കി ചാരായം വാറ്റ് പരീക്ഷണം; കാലടിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

കാലടി: യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ യുവാക്കള്‍ കാലടിയില്‍ അറസ്റ്റില്‍. 50 ലിറ്ററോളം വാഷും, വാറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കൊറ്റമറ്റം ടിന്റോ ജോസ്, ഷിനോയ് എന്നിവരാണ് അറസ്റ്റിലായത്. പള്ളി കടവിനോട് ചേര്‍ന്നുള്ള പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടില്‍ വെച്ചായിരുന്നു ഇവര്‍ ചാരായം വാറ്റിയത്. വാറ്റ് ഉപകരണങ്ങളും ഇവര്‍ തന്നെ തയ്യാറാക്കി.

യൂട്യൂബില്‍ വീഡിയോ നോക്കി, എല്ലാ ഉപകരണങ്ങളും, ചേരുവകളും സംഘടിപ്പിച്ചു. ആരും ശ്രദ്ധിക്കാത്ത സ്ഥലമെന്നായിരുന്നു കണക്കുകൂട്ടല്‍. കുളിക്കാനെന്ന വ്യാജേന കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയെത്തി ഒരുക്കങ്ങള്‍ നടത്തി. നേരത്തെ തയ്യാറാക്കി വെച്ചിരുന്ന വാഷും,മറ്റ് ഉപകരണങ്ങളുമായി ഇവിടെയെത്തി അല്പസമയത്തിനുള്ളില്‍ തന്നെ പോലീസ് പിടികൂടുകയായിരുന്നു.

ഒന്നാം പ്രതിയായ ടിന്റോ ജോസ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. രണ്ടാം പ്രതി ഷിനോയ്ക്ക് ഇംഗ്ലണ്ടിലാണ് ജോലി. ലീവിന് വന്ന് ലോക്ഡൗണായതോടെ മടങ്ങാനായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.

Exit mobile version