ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മണിക്കൂറില്‍ 40 കിമീ വേഗതയില്‍ കാറ്റും, മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിരിക്കുന്നത്.

ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി. കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും അനുഭവപ്പെട്ടു.

നഗരത്തില്‍ അജന്ത തീയ്യേറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. നാല് ഷട്ടറുകള്‍ 1.25 മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Exit mobile version