‘ആടുജീവിതം’ ഷൂട്ടിംഗ് പൂര്‍ത്തിയായി: പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച എത്തും; കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ക്വാറന്റീന്‍

കൊച്ചി: ലോക്ക്ഡൗണിനിടയിലും ജോര്‍ജാനില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നടന്‍ പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച തിരിച്ചെത്തും.

വെള്ളിയാഴ്ച രാവിലെ 7.30നുള്ള വിമാനത്തില്‍ സംഘം കൊച്ചിയിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരിക്കും ഇവരെ കൊച്ചിയിലെത്തിക്കുക.
സംവിധായകന്‍ ബ്ലെസി അടക്കമുള്ള 58 പേരാണ് സംഘത്തിലുള്ളത്.

ജോര്‍ദാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന സംഘം അവിടെ നിന്ന് രാവിലെ കൊച്ചിയിലേക്ക് പറക്കും. നാട്ടിലെത്തിയാലും സിനിമസംഘം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇതിനായി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്. മെയ് 17ന് ചിത്രത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഷൂട്ടിംഗ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണര്‍ത്തിയിരുന്നു. സംവിധായകന്‍ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.

Exit mobile version