സ്വകാര്യ ബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും; നാളെ മുതല്‍ ചിലത് ഓടി തുടങ്ങുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജില്ലയ്ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.

ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു. ചില ബസുകള്‍ നാളെമുതല്‍തന്നെ ഓടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് സര്‍വീസുകള്‍ നടത്തില്ലെന്ന സമീപനം ബസുടമകള്‍ക്കില്ല. പ്രയാസങ്ങള്‍ അറിയിക്കുകയാണ് അവര്‍ ചെയ്തത്. അത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുകയാണെന്നും മന്ത്രി പറയുന്നു.

അറ്റകുറ്റ പണികള്‍ക്കു വേണ്ടിയാണ് സര്‍വീസുകള്‍ വൈകുന്നത്. അത് തീര്‍ത്ത് എത്രയും വേഗത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ത്തന്നെ ചില ബസുകള്‍ ഓടുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കി ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version