ശബരിമല സമരം നിര്‍ത്തുന്നുവെന്ന് ശ്രീധരന്‍ പിള്ള, ആത്മാഭിമാനുള്ള ഒരു പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് മുരളീധരന്‍!; വിഷയത്തില്‍ തമ്മില്‍ തല്ലി ബിജെപി നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ പരസ്യപ്പോര്. ശബരിമലയില്‍ ബിജെപി നടത്തി വന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നുവെന്ന പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയാണ് പരസ്യപ്പോര് ശക്തമാക്കിയത്.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനക്ക് പുറകേ ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന പരസ്യ വിമര്‍ശനവുമായി വി മുരളീധരന്‍ രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ച്ചയായ കേസുകള്‍ നേരിടുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാന്‍ സംസ്ഥാനനേതൃത്വം ഒന്നും ചെയ്തില്ലെന്ന ആരോപണം വി മുരളീധര്‍ പക്ഷം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റ് ചെയ്തതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ ദേശീയപാതാ ഉപരോധം മാത്രമാണ് നടത്തിയതെന്ന ആക്ഷേപമുണ്ട്.

അതേസമയം ബിജെപിയുടെ രാഷ്ട്രീയ സമരം സന്നിധാനത്ത് വേണ്ടെന്ന് തന്നെയാണ് ആര്‍എസ്എസ് നിലപാട്. ആര്‍എസ്എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശബരിമല സമരം ബിജെപി മയപ്പെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രന്റെ അറസ്റ്റും യുവമോര്‍ച്ച വേദിയിലെ ശ്രീധരന്‍ പിളളയുടെ വിവാദ പ്രസംഗവും വിശ്വാസികളുടെ സമരം രാഷ്ട്രീയമാക്കി മാറ്റിയെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. സന്നിധാനത്ത് സമരത്ത് ബിജെപി നേതാക്കള്‍ പോകരുതെന്ന നിര്‍ദേശം കെ സുരന്ദ്രന്‍ ലംഘിച്ചതും ആര്‍എസ്എസിന്റെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ സമരങ്ങള്‍ സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

തുടര്‍ന്നാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം നടത്തിയിട്ടില്ലെന്നും. സമരങ്ങള്‍ സന്നിധാനത്തിന് പുറത്തായിരുന്നു എന്നും. ശബരിമലയില്‍ ബിജെപി നടത്തി വന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞത്.

എന്നാല്‍ സമരത്തിന് ബിജെപി നേരിട്ട് നേതൃത്വം നല്‍കണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം, സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനും മുന്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷും പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി സുധീറും സന്നിധാനത്തെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്, കര്‍മ്മസമിതിക്ക് പുറമേ ബിജെപി സമരം തുടരണമെന്നാണ് വി മുരളീധര പക്ഷത്തിന്റെ അഭിപ്രായം. ഇത് ബിജെപിയില്‍ വലിയ ഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Exit mobile version