ആത്മനിര്‍ഭര്‍ യോജന ഇന്ത്യയെ വില്‍ക്കുന്ന വിപണന മേള; വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : ഭൂമിയും ആകാശവും ബഹിരാകാശവും ഉള്‍പ്പടെ സകലതും കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വില്‍ക്കുന്ന വിപണന മേളയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ അഭിയാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ആറു വിമാനത്താവളങ്ങള്‍, സൈനിക, ബഹിരാകാശ ഗവേഷണങ്ങള്‍, ആയുധ നിര്‍മ്മാണമടക്കം തന്ത്രപ്രധാനമായതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ സകല മേഖലകളെയും സ്വകാര്യ പങ്കാളിത്തം നല്‍കി വില്‍ക്കുകയാണ്.

ഐഎസ്ആഒ പോലെ അതീവ തന്ത്രപ്രധാനമായ സ്ഥാപനമടക്കം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ തന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ബിജെപി സര്‍ക്കാര്‍ വിറ്റു തുലച്ചു. ഖനനമേഖലയിലും സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് വത്കരണമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയല്ല ചുരുങ്ങുകയാണ് സ്വകാര്യ വല്‍ക്കരണത്തിലൂടെ ഉണ്ടായത് എന്ന യാഥാര്‍ഥ്യം മറച്ച് വെച്ച് പ്രതിസന്ധിയെ മറിക്കടക്കാന്‍ തീവ്ര സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതത്തെ നശിപ്പിച്ച അതേ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ കൊവിഡ് കാലത്തെ ഉപയോഗിക്കുകയാണ് മോഡി സര്‍ക്കാര്‍.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണത്തിന് വഴിതുറക്കുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതം ഭീകരമായിരിക്കും. വില നിര്‍ണ്ണയിക്കാനുള്ള അധികാരം കര്‍ഷകര്‍ക്ക് എന്ന മട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനവും കോര്‍പ്പറേറ്റുകളുടെ കൈയിലേക്ക് കാര്‍ഷിക വിപണിയെ സമ്പൂര്‍ണമായി എത്തിക്കുന്നതാണ്. ഇത് കുത്തക വല്‍ക്കരണത്തിനും പൂഴ്ത്തിവെപ്പിനും വന്‍ വിലക്കയറ്റത്തിനും കാരണമാകും. എല്ലാ പ്രശ്‌നങ്ങള്‍ക്കും വായ്പ പരിഹാരം പ്രഖ്യാപിച്ച് തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

സാധാരണക്കാരന്റെ പട്ടിണി മാറ്റാനോ തൊഴിലില്ലായ്മ ഇല്ലാതാക്കാനോ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റാനോ ഉള്ള യാതൊരു പദ്ധതിയുമില്ല. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം മെഗാ ലോണ്‍ മേളയും രാജ്യ വില്‍പ്പന മേളയും നടത്തി രാജ്യത്തിന്റെ അസ്ഥിവാരം തോണ്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കോടിക്കണക്കായ അന്തര്‍ സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാന്‍ പോലും ശ്രമിക്കാതെ അവരെ മരണത്തിലേക്ക് വലിച്ചെറിയുന്ന ജന വിരുദ്ധതക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Exit mobile version