മടങ്ങി വരുന്ന അര്‍ഹരായ 300 പ്രവാസികളുടെ യാത്രാ ചിലവ് വഹിക്കും; സഹായവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന പ്രവാസികളില്‍ നിന്ന് ആദ്യ ഘട്ടം എന്ന നിലക്ക് 300 പേരുടെ യാത്രാ ചിലവ് വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് യാത്രാ ടിക്കറ്റ് നല്‍കുന്നത്.

എംബസി യാത്രാനുമതി നല്‍കിയവരില്‍ നിന്നും അര്‍ഹരായവരെയാണ് ടിക്കറ്റ് നല്‍കാന്‍ തെരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവര്‍,താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ വനിതകള്‍, കൊവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. പ്രവാസി സംഘടനകളാണ് യാത്രക്കാരെ തിരഞ്ഞെടക്കുക.

കള്‍ച്ചറല്‍ ഫോറം ഖത്തര്‍, പ്രവാസി ഇന്‍ഡ്യ യു.എ.ഇ., പ്രവാസി സൗദി, വെല്‍ഫെയര്‍ കേരള കുവൈറ്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ഒമാന്‍ , വെല്‍ഫെയര്‍ ഫോറം സലാല, സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം ബഹറൈന്‍ എന്നീ സംഘടനകളോട് സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം അറിയിച്ചു.

പ്രവാസികളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികള്‍ക്ക് കീഴില്‍ ഉള്ള കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടികിടക്കുംമ്പോള്‍ അത് ചിലവഴിച്ച് പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമായിരുന്നു. എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കി കൊടും ക്രൂരതയാണ് സര്‍ക്കാര്‍ അവരോട് കാണിച്ചതെന്നും ഹമീദ് വാണിയമ്പളം കുറ്റപ്പെടുത്തി.

പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Exit mobile version