തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഇന്ന് ശക്തമായ ന്യൂനമര്‍ദം ആയി മാറി. ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 1100 കിലോമീറ്ററും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 1250 കിലോമീറ്റര്‍ ദൂരെയുമായിട്ടാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്.

അടുത്ത 24 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും പിന്നീട് വീണ്ടും ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയെ കുറിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Exit mobile version