കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരം; പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൈവിട്ടുപോകും, ഇളവുകള്‍ പ്രതീക്ഷിക്കേണ്ട; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. രോഗികള്‍ കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികില്‍സയില്‍ നല്‍കാനാകില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

ഇതിനു പുറമെ, മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും തിങ്കളാഴ്ചമുതല്‍ എല്ലാം തുറന്നിടില്ലെന്നും മന്ത്രി അറിയിച്ചു. ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യം. രണ്ടുംകല്‍പിച്ചുള്ള നീക്കം കേരളത്തില്‍ നടത്തില്ലെന്നും കെകെ ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിനു പുറത്തുള്ളവരില്‍ അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരുംകൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. യോഗ്യരായവര്‍ ഇനിയും നാട്ടിലെത്താനുണ്ട്. ഘട്ടംഘട്ടമായി കൊണ്ടുവരും. പൊതുഗതാഗതം വേണോയെന്ന് സാഹചര്യംനോക്കി തീരുമാനിക്കും. അന്തര്‍സംസ്ഥാന ഗതാഗതം കേന്ദ്രമാനദണ്ഡപ്രകാരം മാത്രം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version