വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇന്നുമുതല്‍; പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങളാണ് പ്രവാസികളുമായി എത്തുന്നത്. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇന്ന് സര്‍വീസുകള്‍ ഉണ്ടാകും. ദുബായിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം ഇന്ന് വൈകീട്ട് ആറരയ്ക്ക് നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിയാല്‍ അറിയിച്ചു

വൈകുന്നേരം അഞ്ചിന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം ആറിനാണ് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം പറന്നുയരുക. രാത്രി 11.30 ന് കരിപ്പൂരില്‍ വിമാനമിറങ്ങും. നാളെ ദുബായിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഉണ്ട്. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്.

രണ്ടാം ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 39 വിമാന സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ 11 സര്‍വീസുകള്‍ യുഎഇയില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് 13ഉം കാനഡയില്‍ നിന്ന് 10 വിമാന സര്‍വീസും സൗദി അറേബ്യയില്‍ നിന്നും യുകെയില്‍ നിന്നുമായി 11 സര്‍വീസുകളും മലേഷ്യയിലും ഒമാനിലുമായി എട്ടു വിമാനങ്ങളും സര്‍വീസ് നടത്തും. കസാഖിസ്ഥാനിലും ഓസ്‌ട്രേലിയയിലും ഉള്ളവര്‍ക്കായി ഏഴ് വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

Exit mobile version