‘ശൈലജ ടീച്ചർ അംഗീകാരം അർഹിക്കുന്നു; ഒപ്പം കേരളത്തിലെ ജനങ്ങളും ഈ കഥയിലെ നായകന്മാരാണ്’; അഭിനന്ദിച്ച് ശശി തരൂർ

തൃശ്ശൂർ: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ ”റോക്ക്‌സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാർഡിയൻ പത്രത്തിന്റെ ലേഖനം പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ശൈലജ ടീച്ചറെ കുറിച്ച് ഗാർഡിയനിൽ വന്ന മനോഹരമായ ഒരു ലേഖനം. അവർ സർവ്വവ്യാപിയാണ്, വളരെ ഫലപ്രദമായാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. അംഗീകാരം അർഹിക്കുന്നുമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി കേരള സമൂഹവും ജനങ്ങളും ഈ കഥയിലെ നായകന്മാരാണ്.’ ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

കേരളത്തിൽ നടപ്പാക്കിയ കൊവിഡ് പ്രതിരോധ നടപടികളെയാണ് ഗാർഡിയൻ പത്രം പ്രകീർത്തിച്ചത്. ചൈനയിൽ കൊറോണ വൈറസ് പടർന്നുതുടങ്ങിയ വാർത്തകൾ പുറത്തുവന്ന ജനുവരി മാസത്തിൽത്തന്നെ കേരളത്തിൽ വൈറസിനെ പ്രതിരോധിക്കാനെടുത്ത മുൻകരുതലുകൾക്കും ധീരതയ്ക്കുമാണ് മന്ത്രിയെ ഗാർഡിയൻ പ്രശംസിച്ചത്.

കേരളത്തേക്കാൾ ഉയർന്ന ആളോഹരി ആഭ്യന്തര ഉത്പാദനമുള്ള യുഎസിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരക്കണക്കിനാളുകൾ മരിച്ചപ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ നാലുപേർ മാത്രമാണ് രോഗം ബാധിച്ചുമരിച്ചതെന്ന് പത്രം പറയുന്നു. 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ശൈലജ ടീച്ചറുടെ ദീർഘദർശനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്നും ലേഖനം വീക്ഷിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നേരത്തേ പ്രതിരോധ നടപടികളെടുത്തതും വിദേശത്തുനിന്നും മടങ്ങിയെത്തിയവരിലൂടെ രണ്ടുഘട്ടങ്ങളായി രോഗം പടർന്നത് നിയന്ത്രിക്കാനെടുത്ത നടപടികളും ലേഖനം വിലയിരുത്തുന്നു. 2018ലെ നിപ്പാ പടർന്ന കാലത്തും ധീരമായ പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയുടെ കീഴിൽ കേരളത്തിന്റെ ആരോഗ്യം ഭദ്രമാണെന്നും ലേഖനത്തിൽ പറയുന്നു. ഗാർഡിയനിൽ ശാസ്ത്രവിഷയങ്ങൾ കൈകാര്യംചെയ്യുന്ന പത്രപ്രവർത്തകയായ ലോറ സ്പിന്നിയാണ് ലേഖനമെഴുതിയത്.

Exit mobile version