മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊറോണ; വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റൈനിലേയ്ക്ക്, സ്‌റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ച അവസ്ഥയില്‍

സുല്‍ത്താന്‍ ബത്തേരി: മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റൈനിലേയ്ക്ക് മാറ്റി. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, മാനന്തവാടി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.

കൊവിഡ് മുക്തമായിരുന്ന വയനാട് കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.

Exit mobile version