വീട്ടിലെ കറണ്ടു തീനികള്‍ ഇവരാണ്, സൂക്ഷിക്കുക; വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്നുവെന്ന പരാതികള്‍ക്ക് വിശദീകരണം നല്‍കി കെഎസ്ഇബി

കൊച്ചി: കഴിഞ്ഞ തവണ വന്ന വൈദ്യുതി ബില്ലിനെ കുറിച്ച് വലിയ പരാതികളായിരുന്നു ഉയര്‍ന്ന് കേട്ടത്. പല ഉപഭോക്താക്കള്‍ക്കും വലിയ സംഖ്യയായിരുന്നു ബില്ലില്‍ അടയ്‌ക്കേണ്ടി വന്നത്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ഇബി.

കഴിഞ്ഞ ഒന്നര മാസത്തിലധികമായി ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തളച്ചിട പെട്ടപ്പോള്‍ വലിയ വര്‍ധനവാണ് വൈദ്യുതി ഉപയോഗത്തില്‍ വന്നത്.
അതിനാലാണ് വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായത്. അത് കൊണ്ട് ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മനസ്സിലാക്കി, നിയന്ത്രിച്ചുമാത്രം ഉപയോഗിക്കണമെന്ന് കെഎസ്ഇബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ഇബി വിശദീകരണം നല്‍കി രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗം

കഴിഞ്ഞ ഒന്നര മാസത്തിലധികമായി ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഒരു കുടുംബ ഒത്തുചേരല്‍ ആയിരുന്നു ലോക്ക് ഡൗണ്‍ സമ്മാനിച്ചത്. സ്വാഭാവികമായും ബോറടി മാറ്റുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും സ്വീകരിച്ചു. ചിലര്‍ മണിക്കൂറുകളോളം ടി വി കണ്ടു. മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ മുഴുകി. മറ്റുചിലര്‍ പാചകകലയില്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. ചിലരാകട്ടെ കലാപരമായ കഴിവുകള്‍ പൊടിതട്ടിയെടുത്ത് പ്രകടിപ്പിച്ചു. ഇതിനൊന്നും മിനക്കെടാത്ത മറ്റൊരു വിഭാഗം രാവും പകലും ഉറങ്ങിത്തള്ളി. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ ലോക്ക് ഡൗണ്‍ കാലം കഴിച്ചുകൂട്ടാന്‍ വൈദ്യുതി അടിസ്ഥാന അവശ്യഘടകമായി തീര്‍ന്നിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ അടച്ചിടപ്പെട്ട ജീവിതകാലത്ത് വൈദ്യുതിയുപയോഗം അതിന്റെ അതുവരെയുണ്ടായിരുന്ന പ്രവണതയില്‍ നിന്നും വളരെയധികം വ്യതിചലിച്ചു എന്നത് മിക്കവാറും പേര്‍ ശ്രദ്ധിച്ചിരിക്കില്ല. സാധാരണയായി വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ടെങ്കിലും ഈ വേനലില്‍ നാളിതുവരെയുളള റിക്കോര്‍ഡ് ഭേദിക്കുന്ന ഉപയോഗമാണ് വീടുകളില്‍ ഉണ്ടായത്. ഇത്തരത്തില്‍ ഉപയോഗവും സ്വാഭാവികമായും വൈദ്യുതി ബില്ലും കൂടുമെന്നുള്ള യാതൊരു ധാരണയും പലര്‍ക്കും ഇല്ലായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് വൈദ്യുതി ബില്ലിനെക്കുറിച്ച് ഇത്രയേറെ പരാതികള്‍ ഉയര്‍ന്നതും. വീട്ടിലെ ഓരോ ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ എത്രനേരം കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും എന്ന് മനസ്സിലാക്കുന്നത് ഈ സാഹചര്യത്തില്‍ നന്നായിരിക്കും.

ആദ്യം ഇടത്തരം വീടുകളിലെ സ്ഥിതി നോക്കാം. ടിവിയും റെഫ്രിജറേറ്ററും ഇല്ലാത്ത ഇടത്തരം മലയാളി ഭവനങ്ങള്‍ ചുരുക്കം. ലോക്ക്ഡൗണിനുമുമ്പ് ടിവി ഉപയോഗിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 15 മണിക്കൂറോളമായി. ടിവി കാണുമ്പോള്‍ ഒരു ലൈറ്റും ഫാനും നിര്‍ബന്ധം. ഈ രീതിയില്‍ അഞ്ച് മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ ഒരു യൂണിറ്റായി. ടിവി കാണുന്നതിന് മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു യൂണിറ്റ് കറണ്ടാവും (ലൈറ്റും ഫാനും ഉള്‍പ്പടെ). കിടപ്പുമുറിയില്‍ ഒരു ഫാന്‍ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അര യൂണിറ്റ് ആയി. അങ്ങനെ രണ്ടു കിടപ്പു മുറി ഉപയോഗിക്കുമ്പോള്‍ ഒരു യൂണിറ്റ് ഫാനിനു മാത്രം ചെലവാകുന്നു എന്നോര്‍ക്കുക.

റെഫ്രിജറേറ്റര്‍ ഒരു ദിവസം മുക്കാല്‍ യൂണിറ്റ് മുതല്‍ ഒരു യൂണിറ്റ് വരെ ഉപയോഗിക്കും. കംപ്രസ്സര്‍ കേടാണെങ്കില്‍ അത് അതിലും കൂടുതലാകും. പിന്നെ അത്യാവശ്യം മറ്റുപകരണങ്ങള്‍ കൂടിയാകുമ്പോള്‍ ഇടത്തരം വീടുകളില്‍ ഒരു ദിവസം നാല് യൂണിറ്റ് ഉപയോഗം ആയി. 60 ദിവസത്തെ ഉപയോഗം ശരാശരി 4 യൂണിറ്റ് വച്ച് കണക്കാക്കിയാല്‍ 240 യൂണിറ്റ്. രണ്ടുമാസം കൊണ്ട് 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ശ്രദ്ധയോടെ നിയന്ത്രിച്ച് ഉപയോഗിക്കാതെ, ഉപയോഗം 240 യൂണിറ്റ് കടന്നു പോയാല്‍ സബ്‌സിഡിക്ക് പുറത്താവുകയും ബില്‍ തുക കൂടുകയും ചെയ്യും.

ഇനി കൂടുതല്‍ മുറികളുള്ള കുറച്ചു കൂടി വലിയ വീടുകളുടെ കാര്യം നോക്കാം. മൈക്രോവേവ് ഓവന്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഗീസറുകള്‍, വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രെഡ് മില്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉള്ള വീടുകളിലെ ലോക്ക് ഡൗണ്‍ ജീവിതത്തിലേക്കാണ് നമ്മുടെ നോട്ടം.

1.5 ടണ്ണിന്റെ ഒരു എയര്‍ കണ്ടീഷണര്‍ അര മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി ആകും എന്നോര്‍ക്കുക. വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് ഗീസര്‍ എന്ന ചെറിയ ഉപകരണം 20 മിനിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ഒരു യൂണിറ്റ് വൈദ്യുതി ആകും.

അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ (2000W, 30 മിനിറ്റില്‍ ഒരു യൂണിറ്റ്), മൈക്രോവേവ് അവന്‍ (1200 W, 50 മിനിറ്റില്‍ ഒരു യൂണിറ്റ്), ഡിഷ് വാഷര്‍ (30 മിനിറ്റില്‍ ഒരു യൂണിറ്റ്), റെഫ്രിജറേറ്റര്‍ (ഒരു ദിവസം മുക്കാല്‍ യൂണിറ്റ് മുതല്‍ ഒരു യൂണിറ്റ് വരെ), എന്നിവ താരതമ്യേന കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രെഡ് മില്‍ 40 മിനിറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും.

ദ്വൈമാസ ഉപയോഗം 500 യൂണിറ്റില്‍ താഴെയാണെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടങ്ങി ഘട്ടം ഘട്ടമായി വര്‍ദ്ധിക്കുന്ന രീതിയിലുള്ള (ടെലിസ്‌കോപ്പിക്) താരിഫാണ് വരിക. എന്നാല്‍ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍, തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്കണം. 500 യൂണിറ്റിന് മുകളില്‍ ആകുമ്പോള്‍ മൊത്തം യൂണിറ്റിനും 5.80 രൂപ വച്ച് നല്‍കണം. 601 യൂണിറ്റ് മുതല്‍ 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.60 രൂപയും, 701 യൂണിറ്റ് മുതല്‍ 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.90 രൂപയും, 801 യൂണിറ്റ് മുതല്‍ 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.10 രൂപയും നല്‍കേണ്ടി വരും. 1000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 7.90 രൂപ നിരക്കില്‍ മൊത്തം യൂണിറ്റിനും നല്‍കണം.

കിലുക്കം സിനിമയില്‍ എല്ലാം തകര്‍ത്തിട്ട് രേവതിയുടെ കഥാപാത്രം പറയുന്നത് ഓര്‍മ്മ വരുന്നു. ‘ഞാന്‍ വേറൊന്നും ചെയ്തില്ല; ഇത്രേ ചെയ്തുള്ളു!’ വീടുകളില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാല്‍ തീര്‍ച്ചയായും ബില്‍ തുക കുറയ്ക്കാന്‍ കഴിയും. ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മനസ്സിലാക്കി നിയന്ത്രിച്ചുമാത്രം ഉപയോഗിക്കുക. ലോക്ക് ഡൗണിനെ ഒരു ഭാരമാക്കാതിരിക്കുക.

#KSEB
#KSEBCustomerCare
#Covid19
#StaySafe
#WeShallOvercome

Exit mobile version