സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യ വര്‍ഷം; ‘നമോ ടിവി’ അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അസഭ്യ പരാമര്‍ശം നടത്തിയ ‘നമോ ടി.വി മലയാളം’ എന്ന ഓണ്‍ലൈന്‍ ടിവി അവതാരകയോട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ മറുപടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. പരമാവധി മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐടി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാരുന്ന ഇവര്‍ക്ക് തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിര്‍ദേശിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അതെസമയം സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും വിദ്വേഷ പ്രചരണവും അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേസ് പരിഗണിക്കവെ കോടതി നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയലില്‍ മോശം പരാമര്‍ശം നടത്തിയാല്‍ പോലിസില്‍ പരാതി നല്‍കുന്നതിന് പകരം അതിനെതിരെ അതേ രീതിയില്‍ പ്രതികരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോട് നിര്‍ദേശിച്ചു.ഇത്തരം ഗുരുതര സാഹചര്യം മറികടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതെസമയം ടിവി അവതാരികയ്ക്ക് എതിരെ നിലവിലെ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version