ലാളിച്ചു വളര്‍ത്തിയ മകന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു, താലോലിക്കാന്‍ ഇനി ഒരിക്കലും മക്കള്‍ ഉണ്ടാകില്ലെന്ന് കരുതിയ അമ്പത്തിനാലുകാരിക്കും അറുപതുകാരനും ജീവിതത്തില്‍ ഇരട്ടിമധുരമേകി ഇരട്ടകണ്മണികള്‍ പിറന്നു

അടൂര്‍: ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ രണ്ടു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയായിരുന്ന ശ്രീധരനും ഭാര്യ കുമാരിക്കും ഇരട്ടി മധുരവുമായി പിറന്നത് ഇരട്ടക്കുട്ടികള്‍. പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശ്രീനിവാസില്‍ അറുപത്തിനാലുകാരനായ ശ്രീധരനും അമ്പത്തിനാലുകാരിയായ ഭാര്യ കുമാരിക്കുമാണ് ജീവിതത്തില്‍ പ്രതീക്ഷയേകി ഇരട്ടകണ്മണികള്‍ പിറന്നത്.

അത്രയേറെ ലാളിച്ചാണ് ആദ്യകുട്ടിയെ ശ്രീധരനും കുമാരിയും വളര്‍ത്തി വലുതാക്കിയത്. എന്നാല്‍ രണ്ടും വര്‍ഷം മുമ്പ് ദമ്പതികള്‍ക്ക് മകനെ നഷ്ടമായി. മകന്റെ വിയോഗത്തില്‍ കഴിയുകയായിരുന്നു ശ്രീധരനും കുമാരിയും. താലോലിക്കാന്‍ ഇനി ഒരിക്കലും മക്കള്‍ ഉണ്ടാകില്ലെന്ന് ഇവര്‍ കരുതി.

എന്നാല്‍ ദൈവം ഇവര്‍ക്കായി കരുതിയത് മറ്റൊന്നായിരുന്നു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ വന്ധ്യതാ ചികിത്സയിലൂടെ കുമാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. വന്ധ്യതാ ചികിത്സാ വിദഗ്ധന്‍ ഡോ.എസ്.പാപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ വെച്ച് കുമാരിക്ക് രണ്ടുകുഞ്ഞുങ്ങള്‍ പിറന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഡോ.സിറിയക് പാപ്പച്ചന്‍, ഡോ.ബി.പ്രസന്നകുമാരി, ഡോ.ജെസ്‌ന ഹസന്‍, ഡോ. ഷീജ പി.വര്‍ഗീസ് എന്നിവര്‍ പരിശോധനയ്ക്കും പ്രസവത്തിനും നേതൃത്വം നല്‍കി. ജീവിതത്തിന് പുതിയ പ്രതീക്ഷനല്‍കിയാണ് ഇരട്ടകണ്മണികള്‍ വന്നതെന്ന് ശ്രീധരനും കുമാരിയും പറയുന്നു.

Exit mobile version