പ്രാര്‍ത്ഥനയോടെ കാല്‍നൂറ്റാണ്ടോളം കാത്തിരുന്നു, ഒടുവില്‍ 58ാം വയസ്സില്‍ അമ്മയായി ഷീല

ഇടുക്കി: ലോകം മുഴുവന്‍ കൊറോണ ഭീതിയിലായിരിക്കുമ്പോഴും അന്‍പത്തെട്ടാം വയസ്സില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് ഷീല. ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയുടെയും കോളജ് പ്രഫസറായി വിരമിച്ച ബാലുവിന്റെയും പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ അവസാനമായി.

ബാലുവും ഷീലയും വര്‍ഷങ്ങളോളമാണ് ഒരു കുഞ്ഞിക്കാല്‍ കാണാനായി കാത്തിരുന്നത്. ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. നിരാശരാകാതെ ഒരു കുഞ്ഞിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ബന്ധുകൂടിയായ ഡോ. സബൈന്‍ ശിവദാസിന്റെ അടുക്കലും ചികിത്സയ്ക്കായി എത്തിയിരുന്നു.

പ്രാര്‍ത്ഥനകളും കാത്തിരിപ്പുമെല്ലാം അവസാനിച്ച് ബാലുവിന്റെ ഷീലയുടെയും ജീവിതത്തില്‍ നിറം പകര്‍ന്ന് ഒടുവില്‍ അവള്‍ എത്തി. മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ ഷീല പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടിലേക്ക് വരാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ഇവര്‍.

മാതൃദിനമായ ഇന്നലെ ആശുപത്രി ജീവനക്കാര്‍ മധുരവും പലഹാരങ്ങള്‍ നല്‍കി ഷീലയെ ആദരിച്ചു. കാല്‍ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഷീലയും ബാലുവും ഇപ്പോള്‍. തങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയുമാണെന്ന് ഇരുവരും പറയുന്നു.

Exit mobile version