നവകേരള സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ 2500 കോടി അധിക ധനസഹായം

മുമ്പ് 600 കോടി രൂപ അനുവദിച്ചിരുന്നു

ന്യൂഡല്‍ഹി: പ്രളയക്കെടുതിമൂലം പ്രയാസമനുഭവിക്കുന്ന കേരളത്തിനായി 2500 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 2500 കോടിയുടെ ധനസഹായം നല്‍കാനുള്ള ശുപാര്‍ശ നല്‍കിയത്.

ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കും. 4800 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. മുമ്പ് 600 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ ധനസഹായം. ഇതോടെ പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിച്ച കേന്ദ്ര സഹായം 3100 കോടി രൂപയായി.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത്.

Exit mobile version