ലോക്ക് ഡൗണ്‍ ഇളവ്; ചാല മാര്‍ക്കറ്റ് തുറന്നു, കര്‍ശന സുരക്ഷ, സ്വകാര്യ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം ഇല്ല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ മൊത്ത വിതരണ മാര്‍ക്കറ്റായ ചാല മാര്‍ക്കറ്റിലെ എല്ലാ കടകളും ഇന്ന് തുറന്നു. കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളോടെയാണ് മാര്‍ക്കറ്റിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നേരത്തേ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

മാര്‍ക്കറ്റിലെ എല്ലാ കടകളും തുറന്നതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പലപ്പാഴും പോലീസിന് ഇടപെടേണ്ടി വന്നു. ഒറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണികടകളും ചെരുപ്പ്, ഫാന്‍സി കടകളും ഹാര്‍ഡ് വെയര്‍ കടകളും അടക്കം ഇന്ന് തുറന്നു. മാര്‍ക്കറ്റിലെ എല്ലാ കടകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് തുറന്നത്.

മാര്‍ക്കറ്റില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമേ മാക്കറ്റിനുളളിലേക്ക് പ്രവേശനമുളളൂ. പൊതുജനങ്ങള്‍ കിഴക്കേക്കോട്ട വഴി നടന്ന് മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. അതേസമയം മാര്‍ക്കറ്റില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ടോക്കണ്‍ സംവിധാനം ഉള്‍പ്പെടുത്തുന്നതും പുതിയ കൗണ്ടറുകള്‍ സജ്ജീകരിക്കുന്നത് അടക്കമുളള ക്രമീകരണങ്ങള്‍ ഒരുക്കാനും വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version