കൊവിഡ്; സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു; ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതെസമയം സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനമാണ്. ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗലക്ഷണങ്ങള്‍ ഉള്ള 32, 217വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1683 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.

Exit mobile version