ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം അടയ്ക്കും

ഇടുക്കി: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും. ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും. പരിശോധനയ്ക്ക് മുന്‍പ് ഡോക്ടര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ഏലപ്പാറ പിഎച്ച്സിയിലെ 41കാരിയായ വനിതാ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ നിന്നെത്തിയ രോഗബാധിതന്റെ അമ്മയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്നും ഏലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.

കോവിഡ് സ്ഥിരീകരിച്ച രോഗിയെ മാര്‍ച്ച് പതിനഞ്ചിനാണ് ഡോക്ടര്‍ പരിശോധിച്ചത്. ഇതിന് ശേഷം ആശുപത്രിയിലെത്തിയ രോഗികളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചു.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യകേന്ദ്രം താത്കാലികമായി അടയ്ക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും കോട്ടയത്ത് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കുമാണ് രോഗബാധ.

Exit mobile version