പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ കൊറിയര്‍ സംവിധാനം; ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചു നല്‍കും

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസ് കമ്പനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്ന് ഡിഎച്ച്എല്‍ അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 447 ആയി വര്‍ധിച്ചു. ഇടുക്കി 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും, കോട്ടയം രണ്ട് പേര്‍ക്കും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരില്‍ നാല് പേര്‍ അയല്‍സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് നാല് പേര്‍ക്കാണ്.

അതെസമയം ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങള്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. 129 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്ത് 23876 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 23439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 148 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 21334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20326 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version