സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലറിന്റെ വെബ് സര്‍വറിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തണമെന്നും, സ്പ്രിംക്ലറിന്റെ വെബ്‌സര്‍വറില്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പ്രിംക്ലറിന്റെ വെബ്‌സര്‍വറില്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥര്‍ക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം എന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം സ്പ്രിംക്ലര്‍ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംക്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ലറിന്റെ തെരഞ്ഞെടുപ്പെന്നും സര്‍ക്കാര്‍ കോടതിയില് അറിയിക്കും.

കരാര്‍ ലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

Exit mobile version