ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഡോക്ടര്‍മാര്‍; കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടന

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ രംഗത്ത്.

ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കെജിഎംഒ അഭിപ്രായപ്പെട്ടു. കൊവിഡിനെതിരെ ജീവന്‍ പണയം വച്ച് പോരാടിയ സര്‍ക്കാര്‍ ജീവനക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെജിഎംഒ ചൂണ്ടിക്കാട്ടി.

ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷനും അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സാലറി ചലഞ്ചിന് സര്‍ക്കാര്‍ പുതിയ നിര്‍ദേശം അവതരിപ്പിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുന്നതിന് പകരം മാസത്തില്‍ ആറുദിവസത്തെ ശമ്പളം പിടിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുമാസം ശമ്പളം പിടിക്കാനാണ് തീരുമാനം. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് തീരുമാനിച്ചത്. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പിന്നീട് തിരികെ നല്‍കും

Exit mobile version