തൃശ്ശൂരിലെ പെണ്‍പുലികള്‍ ഇനി ‘പറക്കും’ ബുള്ളറ്റില്‍; കൊവിഡ് ഡ്യൂട്ടിക്ക് വനിതാ പോലീസിന് ബുള്ളറ്റ് അനുവദിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ്

തൃശ്ശൂര്‍: കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഡ്യൂട്ടിക്ക് വനിതാ പോലീസിന് ബുള്ളറ്റ് നല്‍കി തൃശ്ശൂര്‍ സിറ്റി പോലീസ്. കഴിഞ്ഞ ദിവസം ക്യാമ്പുകളും സമൂഹിക അടുക്കളയും സന്ദര്‍ശിക്കാന്‍ വനിതാ പോലീസ് എത്തിയത് ബുള്ളറ്റിലായിരിന്നു. തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റോയല്‍ എന്‍ഫീല്‍ഡില്‍ എത്തിയത്.

കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച് നഗരത്തിലെ ക്യാമ്പുകളും സമൂഹ അടുക്കളകളും സന്ദര്‍ശിച്ചത്. തുടര്‍ന്നും പട്രോളിങ്ങ് ഡ്യൂട്ടിക്കായി ഇവര്‍ ബുള്ളറ്റിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യയുടെ നിര്‍ദേശമനുസരിച്ചാണ് വനിതാപോലീസിന് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചത്.

തുടര്‍ന്ന് പരിശീലനം നേടിയ വനിത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസമാണ് ബുള്ളറ്റില്‍ ഡ്യൂട്ടിക്കിറങ്ങിയത്. ചുവപ്പ് നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച് പഴയ മോഡല്‍ ബുള്ളറ്റിലാണ് വനിതാപോലീസ് പരിശോധനയ്ക്കായി പായുന്നത്. പരിശീലനം നേടിയ ആദ്യ സംഘം ബുള്ളറ്റുമായി ഡ്യൂട്ടിക്കിറങ്ങിയതോടെ ബുള്ളറ്റ് പരിശീലനം നേടണമെന്ന് കൂടുതല്‍ വനിതാപോലീസ് ഉദ്യോഗസ്ഥര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് ജില്ലയിലെ എല്ലാ വനിതാ പോലീസുകര്‍ക്കും പരിശീലനം നല്‍കണമെന്നും കമ്മീഷണര്‍ ആര്‍.ആദിത്യ നിര്‍ദേശം കൈമാറി. ഘട്ടം ഘട്ടമായി തൃശൂര്‍ ജില്ലായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും വനിതകള്‍ക്ക് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കാനാണ് അധികൃതരുടെ തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കിശേഷം എല്ലാ സ്റ്റേഷനുകളിലും വനിതകളുടെ പ്രത്യേക പട്രോളിങ്ങ് സംഘത്തെ ഒരുക്കും.

Exit mobile version