കേരളത്തിനിത് അഭിമാന നിമിഷം; കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് ആരോഗ്യപ്രവര്‍ത്തകരും രോഗമുക്തരായി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീണ്ടും അഭിമാനനേട്ടം.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കേരളത്തിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടിയിരിക്കുകയാണ്.

കേരളം വളരെ മുന്‍കരുതലുകള്‍ എടുത്തിട്ടും ഇവിടെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് ഏപ്രില്‍ മൂന്നിന് ആശുപത്രി വിട്ടിരുന്നു.
എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഡിസ്ചാര്‍ജ് ആയതോടെ ഇരുവരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെപ്പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിന്റെ ഊര്‍ജമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലേയും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. നെടുമ്പാശേരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് 19 നും 21 നും ഇവര്‍ക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ആയതിനാല്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എന്‍ 95 മാസ്‌കും അതിനുമീതെ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ധരിച്ചാണ് യാത്രക്കാരെ പരിശോധിച്ചത്.

മാര്‍ച്ച് 23 ന് ഇവരില്‍ ഒരാള്‍ക്ക് ചെറുതായി പനി തുടങ്ങി. ഉടന്‍ താമസസ്ഥലമായ കാലടിയിലെ ക്വാര്‍ട്ടേഴ്സില്‍ നിരീക്ഷണത്തിലാക്കി. മറ്റ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ 28 ന് സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചു. അന്ന് വൈകിട്ട് തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ഠിച്ച ബാച്ചിലെ 40 ഓളം പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം, കൊറോണ പ്രതിരോധത്തില്‍ നിന്നും ഒരല്‍പം പോലും പുറകോട്ട് പോകില്ലെന്നാണ് ഇരുവരും പറയുന്നത്. രോഗ പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍. ആരോഗ്യ വകുപ്പ് വലിയ പിന്തുണയാണ് നല്‍കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ എത്രയും വേഗം അതിജീവിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version